മേലൂർ: പിതാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച മകൻ കൈവശം കരുതിയിരുന്ന സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് മരിച്ചു. അടിച്ചിലി തൈവളപ്പിൽ രാമകൃഷ്ണന്റെ മകൻ നന്ദനൻ (58) ആണ് മരിച്ചത്.
കഴുത്തിനു വെട്ടേറ്റ രാമകൃഷ്ണൻ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലാണ്.
ഇന്നലെ രാവിലെ 11.30 ഓടെയായിരുന്നു സംഭവം. സ്വന്തം പറമ്പിൽ കൃഷിയുമായി ബന്ധപ്പെട്ട ജോലികൾക്കായി എത്തിയ രാമകൃഷ്ണനുമായി മകൻ വാക്കുതർക്കത്തിലാവുകയും തുടർന്ന് വെട്ടുകത്തികൊണ്ട് ആക്രമിക്കുകയുമായിരുന്നു. ബഹളം കേട്ടെത്തിയ അയൽവാസി രാജൻ ഇരുവരെയും അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതിനിടെയാണ് നന്ദനന്‍ ശരീരത്തിൽ കെട്ടിവച്ച സ്ഫോടകവസ്തു പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിൽ പരിക്കേറ്റ രാജനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചാലക്കുടി സിഐ കെ.സി. രതീഷിന്റെയും കൊരട്ടി എസ്എച്ച്ഒ വിഷ്ണു രാമചന്ദ്രന്റെയും നേതൃത്വത്തിൽ പൊലിസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
ഡോഗ് സ്ക്വാഡ്, ഫോറൻസിക് വിഭാഗം, വിരലടയാള വിദഗ്ധർ എന്നിവർ പരിശോധന നടത്തി. അവിവാഹിതനായ നന്ദനനും പിതാവും തമ്മിൽ ഏറെക്കാലമായി ശത്രുതയിലായിരുന്നുവെന്നാണ് വിവരം. പൊലിസ് വിശദമായ അന്വേഷണം ആരംഭിച്ചു.